Sunday, February 8, 2009

മിസ്ഡ് കോള്‍ ‍...

അന്നു രാത്രിയും കൃത്യം എട്ടിനും എട്ടരക്കുമുള്ള ശുഭ മുഹൂര്‍ത്തത്തിനിടയില്‍ അശ്വതിയുടെ മിസ്ഡ് കോളെത്തി. മൊബൈലെടുത്ത് ഒന്ന് നെടുവീര്‍പ്പിട്ട് അശ്വതി ചിന്തകളില്‍ മുഴുകി അങ്ങിനെ അട്ടം നോക്കി കിടന്നു. ആരാണീ അശ്വതിയെന്ന് ചോദിച്ചാല്‍ അവളെന്‍റെ കാമുകിയല്ല, സുഹൃത്തുമല്ല. പിന്നെ വെറും പരിചയക്കാരിയാണോയെന്ന് ചോദിച്ചാല്‍ അതില്‍ കൂടുതലുണ്ട് താ‍നും. പലപ്പോഴും ചു നായരും ഗോപുമോനും ചക്ക ചൂലുന്നതു ചൂഴ്ന്ന് ചൂഴ്ന്ന് ചോദിച്ചിട്ടും ഒന്നും വിട്ടുപറയാതിരിക്കാന്‍ ഞാന്‍ താമരശേരി മുത്തിക്ക് നേര്‍ന്ന നെയ്‌വിളക്കിന് കണക്കില്ല.

അശ്വതിയുമൊത്തുള്ള സമാഗമങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ അയവെട്ടി കിടന്നപ്പോഴാണ് പതിവില്ലാത്തവിധം അശ്വതിയുടെ രണ്ടാമത്തെ മിസ്ഡ് കോള്‍ വന്നത്. കഷ്ടകാലത്ത് സര്‍പ്പവും പാമ്പാവുമെന്നൊക്കെ പറഞ്ഞു കേട്ടിട്ടേയുള്ളു. ആ നിമിഷം തന്നെ ചു നായര്‍ റൂമിലേക്ക് കാലെടുത്ത് വച്ചു. ചു നായരെ കാണാതെ മിസ്ഡ് കോള്‍ ഒളിപ്പിക്കാനുള്ള എന്‍റെ ശ്രമം സിബിഐ ഓഫീസര്‍ നന്ദകുമാര്‍ നായരെപ്പോലെ ചു നായര്‍ കണ്ടു പിടിച്ചു. ഈശ്വരാ ഇനിയിപ്പൊള്‍ പോളിഗ്രാഫും ബ്രെയിന്‍ മാപ്പിംഗ് അങ്ങിനെ എന്തൊക്കെ നേരിടേണ്ടിവരുമെന്ന് ചിന്തിച്ച് തല ചൊറിഞ്ഞിരുന്നപ്പോഴാണ് ഞങ്ങളുടെ റൂമിലെ പോളിഗ്രാഫ് സ്പെഷലിസ്റ്റായ ഗോപു മോന്‍റെ വരവ്.

പോളിഗ്രാഫില്‍ പി എച്ച് ഡി നേടിയിട്ടുള്ള ഗോപുമോന്‍ വന്നപാടെ ചു നായര്‍ സംഭവം ഉണര്‍ത്തിച്ചു. ഞാന്‍ തല അമര്‍ത്തി ചൊറിഞ്ഞു. ഗോപു മോന്‍ ഓപ്പറേഷന്‍ തുടങ്ങുന്നതിനു മുന്‍പെ ഞാന്‍ അങ്ങോട്ടൊരു വെടിപൊട്ടിച്ചു. എടാ അത് നിങ്ങള്‍ കരുതുന്നതു പോലൊന്നുമല്ല. വേണമെങ്കില്‍ നിങ്ങളും മിസ്കാള്‍ അടിച്ചൊ. എനിക്ക് ഒരു പ്രശ്നവുമില്ല. എന്‍റെ അപ്രതീക്ഷിതമായ നയതന്ത്ര നീക്കത്തില്‍കീഴടങ്ങി. സന്തോഷത്തോടെ ഇരുവരും ഓരോ മിസ് അടിച്ചു. ഗോപുമോന്‍ മിസ്സില്‍ മാത്രം നിര്‍ത്തിയില്ല ഒരു മെസേജും വിട്ടു. തരം കിട്ടിയാല്‍ അവന്‍ മസാജും ചെയ്തേനെ. അതു കണ്ട് എന്‍റെ ചങ്കൊന്നും പിടച്ചെങ്കിലും ഞാനതത്ര കാര്യമാക്കിയില്ല. എന്നാല്‍ വാവിട്ട വാക്കും കൈവിട്ട മെസേജും തിരിച്ചെടുക്കാനാവില്ലെന്ന് ഞാനന്നറിഞ്ഞു.

10 നിമിഷത്തിനുള്ളില്‍ പ്രതികരണമെത്തി. അശ്വതിയുടെ അച്ഛന്‍. ഗോപുമോന്‍ തന്‍റെ ഫോണിലേക്ക് വന്ന കോള്‍ തന്ത്രപൂര്‍വം എടുക്കാതിരുന്നപ്പോള്‍ ചു നായര്‍ ചാടിയെടുത്തു. പിന്നെ തെറിയുടെ തൃശൂര്‍ പൂരമായിരുന്നു. ചു നായരുടെ ഒരു പുരികമുയരുന്നതും മുഖം വക്രിക്കുന്നതും ഞങ്ങള്‍ നോക്കി നിന്നു. പക്ഷെ ചു നായരും വിടാന്‍ ഭാവമില്ല. അശ്വതിയുടെ അച്ഛന്‍റെ എല്ലാ വിളികള്‍ക്കും അവന്‍ മറുവിളി കൊടുത്തു. ഒടുവില്‍ വിജയശ്രീലാളിതനായി ചു നായര്‍ ഫോണ്‍ വെച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. അശ്വതിയുടെ അച്ഛന്‍ എന്താ പറഞ്ഞത്?. അതിന് ചു നായര്‍ പറഞ്ഞ മറുപടികേട്ട് എന്‍റെ കണ്ണു രണ്ടും പുറത്തേക്ക് തള്ളി. അവളുടെ മുറച്ചെറുക്കന്‍ കുട്ടപ്പായി ഇതറിഞ്ഞാല്‍ നിന്നെയൊന്നും ജീവനോടെ വെച്ചേക്കില്ലെന്ന്!!!!TEST

No comments:

ഗൂഗിള്‍ ന്യൂസ്

http://news.google.com/news?ned=ml_in
എല്ലാ മലയാള ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും, അവ അപ്ഡേറ്റാവുന്ന മുറയ്ക്ക് ഈ പേജില്‍ കിട്ടും.

Now you can Chat here