Sunday, February 8, 2009

തമാശക്കഥകള്‍


ഒരു ബസ് എന്നെ കുത്താന്‍ വന്നു!!!
ഭാഷാപരമായ കൗതുകങ്ങള്‍ എല്ലാ നാട്ടിലേയും പോലെ മലയാളക്കരയിലും ഉണ്ട്. സംസാര ഭാഷയില്‍ രസകരമായ നിരവധി അനുഭവങ്ങള്‍ ഉണ്ട്. അവയില്‍ ഓര്‍മനില്ല്കുന്ന ചിലത് ദാ നോക്കൂ..

ഒരു ബസ് എന്നെ കുത്താന്‍ വന്നു!!!

2005 ല്‍ ആണ്‌ കണ്ണൂര്‍ (പരിയാരം) ആയുര്‍ വേദ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ ആയത്. അതു വരെ തിരുവനന്തപുരത്തായിരുന്നു ജോലി. ആദ്യ ദിവസം കാഷ്വാലിറ്റി ഒ.പി. യില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ്‌ ഒരു സ്ത്രീ കാല്‍ക്കുഴയ്ക്കു വേദനയുമായി എത്തിയത്.

ഞാന്‍ അവരോടു ചോദിച്ചു " ഇതെങ്ങനെ സംഭവിച്ചു?"

ഉടന്‍ വന്നു മറുപടി " ഒരു ബസ് ഇന്നെ കുത്താ വന്നു..... ഞാനട് തുള്ളി !"

എന്റെ കണ്ണൂ തള്ളി " ബസ് കുത്താന്‍ വന്നോ?"

ഹൗസ് സര്‍ജന്‍ പറഞ്ഞ് തന്നു " സര്‍, ഇവിടെ ബസ്സിടിച്ചു, ബസ് തട്ടി എന്നൊന്നുമല്ല പറയുക; ബസ് കുത്തി എന്നാണ്‌!"

"അപ്പോ ഇവര്‌ തുള്ളി എന്നു പറഞ്ഞതിന്റെ അര്‍ത്ഥമോ?"

"തുള്ളി എന്നാല്‍ ചാടി എന്നാണര്‍ത്ഥം; എന്നു മാത്രമല്ല, ചാടി എന്നുപറഞ്ഞാല്‍ എറിഞ്ഞു എന്നുമാണര്‍ത്ഥം!"

( “ഇല എടുത്തു ചാടിക്കള“ എന്നു പറഞ്ഞാല്‍ “ഇല എടുത്ത് എറിഞ്ഞു കളയൂ എന്നാണര്‍ത്ഥം!“ )

*************************************************************

മാവേലിക്കരയ്ക്കും കായംകുളത്തിനുമിടയ്ക്കുള്ള ഓണാട്ടുകര (ഏവൂര്‍) എന്ന സ്ഥലമാണ്‌ എന്റെ ജന്മദേശം; അമ്മയുടേ നാട് മലപ്പുറം ജില്ലയിലും. ഇനി പറയുന്നത് സ്വന്തം അനുഭവമല്ല. നാട്ടില്‍ പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥയാണ്‌.

ഏവൂരുള്ള ഒരു സ്ത്രീയെ തിരുവനന്തപുരത്തേക്കു കല്യാണം കഴിച്ചു വിട്ടു. ഭര്‍ത്താവ് ഒരു സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനാണ്‌.

ഇടയ്ക്കൊക്കെ ഭാര്യയേയും കൂട്ടി ഏവൂര്‍ വരും. ഏവൂരമ്പലത്തില്‍ എല്ലാ മലയാള മാസം ഒന്നാം തീയതിയും കഥകളി (ആട്ടം എന്നാണ്‌ നാടന്‍ ഭാഷ) ഉണ്ടാവും.

മിക്കവാറും എല്ലാ വീടുകളില്‍ നിന്നും ആളുകള്‍ കഥകളി കാണാന്‍ എത്തുമായിരുന്നു അന്ന്‌.

ഭാര്യയുടെ നിര്‍ബന്ധം കാരണം നമ്മുടെ കഥാനായകനും ഒരു രാത്രി കഥകളി കാണാന്‍ സമ്മതിച്ചു.

പിറ്റേന്ന് വൈകുന്നേരം "കവല" യിലേക്കിറങ്ങിയപ്പോള്‍ ഒരു അയല്‍ പക്കകാരന്‍ ചോദിച്ചു " എന്താ അണ്ണാ ഒരു ഒറക്കച്ചടവ്?"

"വോ, എന്തരു പറയാനപ്പീ , നമ്മടെ ഒയ്ഫിന് (വൈഫിന്) ഫയങ്കര നിര്‍ഭന്തം... ആട്ടം കാണണവെന്ന്...ഇത്തിപ്പോലം കണ്ടേച്ച് പ്വോരാം എന്നു വച്ചു പ്വായി.... "

"എന്നിട്ട് എങ്ങനെയോണ്ടായിരുന്നു ആട്ടം?"

"വോ, അത്ര വല്യ കൊണവില്ല. പിന്നെ ആ പാഞ്ചാലീം പിന്നൊരു ക്വാഴീം കുടൊള്ള ഡയലാഗ്... അത് കൊള്ളാം!!"


(അണ്ണന്‍ കാണാന്‍ പോയ ആട്ടക്കഥയുടെ പേര്‌ - നളചരിതം. അദ്ദേഹം രംഗത്തു കണ്‍ടത് ദമയന്തിയും ഹംസവും! ദമയന്തി പാഞ്ചാലിയായി; ഹംസം കോഴിയായി!!)

***********************************************************


ഇനി ഒരു കൊല്ലം കഥ. എന്റെ വിവാഹം കഴിഞ്ഞ് ശേഷം ആദ്യമായി വന്ന കാര്‍ത്തിക വിളക്കിന്‌ ഞാന്‍ ഭാര്യവീട്ടിലായിരുന്നു (കൊല്ലത്ത്‌). തിരുവനന്തപുരത്തുനിന്ന് എതിയപ്പോഴേക്കും നേരം വൈകി.

എങ്കിലും കുളിച്ചു വരാം എന്നു പറഞ്ഞ് ഞാന്‍ ബാത്റൂമില്‍ കയറി. കുളിച്ചിറങ്ങി വന്നപ്പോഴേക്കും ഭാര്യാമാതാവ് സന്തോഷത്തോടെ പറഞ്ഞു

"വല്യ കാറ്റായിരുന്നു... എങ്കിലും ഞാനങ്ങു പറ്റിച്ചു!"

"ആരെ പറ്റിച്ചു?" ഞാന്‍ അമ്പരന്നു.

"ആരെ പറ്റിച്ചെന്നോ? ഇതു നല്ല പുതുമ! വെളക്കു പറ്റിച്ചെന്ന്‌..!"

ഇത്തവണ ഞാന്‍ കൂടുതല്‍ ഞെട്ടി " വെളക്കു ... പറ്റിച്ചോ? ആരെ..?"

അമ്മ പറഞ്ഞത് എനിക്കു മനസ്സിലായില്ല എന്നു ലക്ഷ്മിക്കു മനസ്സിലായി.

അവള്‍ പറഞ്ഞ് "ചേട്ടാ ഇവിടെ വിളക്കു കത്തിക്കുക എന്നുള്ളതിന്‌ പറ്റിക്കുക എന്നും പറയും!"


"ദൈവമേ! വിളക്കിനെയും പറ്റിക്കുമോ!" ഞാന്‍ പിറുപിറുത്തത് അവള്‍ കേട്ടില്ല!

*********************************************************


ഇതു മാത്രമല്ല കൊല്ലം ഭാഷയുടെ പ്രത്യേകത.

പുറം എന്നു പറയില്ല പെറം എന്നേ പറയൂ.

പൊറോട്ട പെറോട്ടയാണ്‌.

ഉറുമ്പ് എറുമ്പാണ്‌.

തൊഴുത്ത് തൊഴുമ്പാണ്

തോട്ടി തോട്ടയാണ്

ഓടിക്കുക ഇല്ല - ഓട്ടിക്കുകയേ ഉള്ളൂ!

ഇങ്ങനെ പലതും.

ഇനി സമയം കിട്ടുമ്പോള്‍ ബാക്കി എഴുതാം!

No comments:

ഗൂഗിള്‍ ന്യൂസ്

http://news.google.com/news?ned=ml_in
എല്ലാ മലയാള ദിനപ്പത്രങ്ങളിലെ വാര്‍ത്തകളും, അവ അപ്ഡേറ്റാവുന്ന മുറയ്ക്ക് ഈ പേജില്‍ കിട്ടും.

Now you can Chat here